ന്യൂഡല്‍ഹി: സൈനിക വിമാനങ്ങള്‍ക്കുള്‍പ്പെടെ സൗകര്യമൊരുക്കുന്നത് ലക്ഷ്യമിട്ട് ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ആണ് വിമാനത്താവളം നിര്‍മ്മിക്കുന്നതെങ്കിലും യാത്രാ വിമാനങ്ങള്‍ക്കൊപ്പം സൈനിക വിമാനങ്ങള്‍ക്കും വിമാനത്താവളത്തില്‍ സൗകര്യമൊരുക്കും.
മിനിക്കോയ് ദീപിലാണ് നിര്‍ദിഷ്ട വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഇവിടെ ഒരു വിമാനത്താവളത്തിന്റെ ആവശ്യം കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്ത് നിന്നുമാണ് ഉയര്‍ന്ന് വന്നത്. നിലവില്‍ അഗത്തിയിലാണ് ലക്ഷദ്വീപിന്റെതായി ഒരു വിമാനത്താവളമുള്ളത്. ഇവിടെ സൗകര്യങ്ങള്‍ പരിമിതമാണ്.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ മിനിക്കോയ് ദ്വീപ് കൂടുതല്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ പുതിയ വിമാനത്താവളം വന്നാല്‍ ടൂറിസം മേഖലയ്ക്ക് വലിയ പുരോഗതി നേടാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഒപ്പം അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നീ മേഖലകളില്‍ സൈനിക നിരീക്ഷണം ശക്തിപ്പെടുത്താനും പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.