ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സ്, യൂട്യൂബ്, ടെലഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് നോട്ടീസയച്ച് ഇന്ത്യ.നിര്‍ദേശം ഉടന്‍ അനുസരിച്ചില്ലെങ്കില്‍ സേവനങ്ങള്‍ക്കുള്ള നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷന്‍ 79 അനുസരിച്ച് നല്‍കിവരുന്ന നിയമ പരിരക്ഷ പിന്‍വലിക്കും.കൂടാതെ
നിയമ നടപടികള്‍ക്കും വിധേയരാവേണ്ടി വരും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സമീപകാലത്തായി എക്സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളല് പോണോഗ്രഫി ഉള്ളടക്കങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ലഭിക്കുന്ന പുറത്തുള്ള ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്ഫോമുകള് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തടയുന്നതിനാവശ്യമായ കണ്ടന്റ് മോഡറേഷന് അല്‍ഗൊരിതം, റിപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ സേവന വ്യവസ്ഥ പ്രകാരം പരസ്യമായി വിലക്കുന്നുണ്ടെന്ന് ടെലഗ്രം പറഞ്ഞു. വ്യവസ്ഥകള്‍ ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങളുടെ മോഡറേറ്റര്‍മാര്‍ പരിശോധിച്ചു വരികയാണെന്നും ടെലഗ്രാം പറഞ്ഞു.