ലഖ്നൗ: 500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമി തിരിച്ചുപിടിക്കാനാകുമെങ്കില്‍ ഇന്ത്യക്ക് സിന്ധ് പ്രവിശ്യയും പാകിസ്ഥാനില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് യോഗി ആദിത്യനാഥ്.
ദേശീയ സിന്ധി കണ്‍വെന്‍ഷന്റെ ഭാഗമായി യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് യോഗിയുടെ പരാമര്‍ശം.
'500 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മിക്കുകയാണ്, ജനുവരിയില്‍ രാമ വിഗ്രഹം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും' യോഗി പറഞ്ഞു.
'500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമി തിരിച്ചുപിടിക്കാന്‍ കഴിയുമെങ്കില്‍ സിന്ധ് തിരിച്ച് പിടിക്കാനും കഴിയും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഭജനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് സിന്ധ് സമൂഹമാണെന്നും ഇന്നത്തെ തലമുറയ്ക്ക് അതിന്റെ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ വ്യക്തിയുടെ പിടിവാശിയാണ് വിഭജനത്തിലേക്ക് നയിച്ചതെന്നും യോഗി പറഞ്ഞു.
'രാജ്യത്ത് വിഭജനം നടന്നപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാകിസ്ഥാനായി മാറി. സിന്ധി സമുദായം മാതൃഭൂമി വിട്ടുപോകേണ്ടി വന്നതിനാല്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം ഭീകരതയുടെ രൂപത്തില്‍ നാം വഹിക്കേണ്ടി വരുന്നുവെന്നും സിന്ധി കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
'മനുഷ്യരാശിയുടെ ക്ഷേമത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകണമെങ്കില്‍, സമൂഹത്തിന്റെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കേണ്ടിവരും. നമ്മുടെ മതഗ്രന്ഥങ്ങളും അതിനു പ്രചോദനം നല്‍കുന്നു. ' അദ്ദേഹം പറഞ്ഞു.
'ഒരു രാജ്യമുള്ളിടത്ത് ഒരു മതമുണ്ട്, മതമുള്ളപ്പോള്‍, നാമെല്ലാവരും നിലനില്‍ക്കുന്ന സമൂഹം നിലനില്‍ക്കും'. യോഗി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ തീവ്രവാദം അതിന്റെ അവസാനത്തോട് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഭജനം പോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ 'ആദ്യം രാജ്യം' എന്ന പ്രതിജ്ഞയെടുക്കാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിര് നില്‍ക്കുന്ന ഏതൊരാള്‍ക്കും തക്കതായ മറുപടി നല്‍കാന്‍ നമ്മള്‍ തയ്യാറായിരിക്കണം. സിന്ധ് സമൂഹം ഇന്ത്യയുടെ സനാതന ധര്‍മ്മത്തിന്റെ അവിഭാജ്യ ഘടകമാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും സിന്ധ് സമൂഹം പ്രയത്നത്തിലൂടെ മുന്നേറിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്ന് എങ്ങനെ മുകളിലെത്താം എന്നതിന് ഒരു ഉദാഹരണവും സിന്ധ് നല്‍കുന്നു,' യോഗിപറഞ്ഞുപറഞ്ഞു.