ഖത്തറില്‍ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; നിശബ്ദ നീക്കം ആരംഭിച്ച് ഇന്ത്യ

ചാരപ്രവര്‍ത്തനം ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ പരിഹാരം കാണാന്‍ നിശബ്ദ നീക്കവുമായി ഇന്ത്യ.

author-image
Priya
New Update
ഖത്തറില്‍ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; നിശബ്ദ നീക്കം ആരംഭിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ പരിഹാരം കാണാന്‍ നിശബ്ദ നീക്കവുമായി ഇന്ത്യ.

കേസില്‍ ഖത്തര്‍ അധികൃതര്‍ മൗനം തുടരുകയാണ്. കൂടാതെ, രാജ്യത്തെ മാധ്യമങ്ങളിലും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതേസമയം, ഖത്തര്‍ കോടതിയുടെ വിധിയുടെ പകര്‍പ്പ് ഇതുവരെ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സംഭവത്തില്‍ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനോ അല്ലെങ്കില്‍ ശിക്ഷ സ്വന്തം രാജ്യത്ത് പൂര്‍ത്തിയാക്കാന്‍ തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് 2015 ല്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ച കരാറിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.

തടവുകാരെ കൈമാറാനുള്ള ഉടമ്പടിയില്‍ ഖത്തര്‍ അതേ വര്‍ഷം തന്നെ ഒപ്പ് വച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥരായ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, ഗോപകുമാര്‍ രാഗേഷ് എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത്.

ഇവരെല്ലാം ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷം പല പദവികളിലായി സേവന അനുഷ്ഠിചവരാണ്. 2019-ല്‍ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിക്ക് വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചിരുന്നു.

തടവിലാക്കുമ്പോള്‍ എട്ട് പേരും ഖത്തറിന്റെ സായുധ സേനകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ഇറ്റാലിയന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മിഡ്‌ജെറ്റ് അന്തര്‍വാഹിനികളുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രോജക്റ്റിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

india qatar death penalty