ആവേശത്തിരയില്‍ അനന്തപുരി; മാണ്ഡ്യ പിച്ചില്‍ പോരാട്ടം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം നടക്കുന്നത് മാണ്ഡ്യ പിച്ചില്‍. റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ചെറിയ പുല്ലുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനു നേരിയ മുന്‍തൂക്കം ലഭിക്കും.

author-image
Web Desk
New Update
ആവേശത്തിരയില്‍ അനന്തപുരി; മാണ്ഡ്യ പിച്ചില്‍ പോരാട്ടം

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം നടക്കുന്നത് മാണ്ഡ്യ പിച്ചില്‍. റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ചെറിയ പുല്ലുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനു നേരിയ മുന്‍തൂക്കം ലഭിക്കും. കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നുള്ള ചെളികൊണ്ടു നിര്‍മിച്ച പിച്ചാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേതിനു സമാനസ്വഭാവമുള്ള ഇവിടെ ബാറ്റര്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ കഴിയും. ചെറിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായാലും ബാറ്റിങ്ങിനു കൂടുതല്‍ ഗുണകരമാകും.

കെ.സി.എ.യുടെ ക്യുറേറ്റര്‍ ബിജു എം.എമ്മിന്റെ നേതൃത്വത്തിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത്. ബി.സി.സി.ഐ. ക്യുറേറ്റര്‍ പ്രശാന്ത് റാവു പിച്ച് പരിശോധിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരവും ഇതേ പിച്ചിലാണ് നടന്നത്. വേഗതയുള്ള ഔട്ട്ഫീല്‍ഡാണ് സ്റ്റേഡിയത്തിലേത്.

സ്റ്റേഡിയം ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കായി പൂര്‍ണമായും സജ്ജമാക്കിയിരുന്നു. പരിശീലനത്തിന് സ്റ്റേഡിയത്തിനു പുറത്ത് രണ്ടു പുതിയ പിച്ചുകളും നിര്‍മിച്ചിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനുള്ള സ്ഥലത്തും ഫ്‌ളഡ്ലിറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ ഫ്‌ളഡ്ലിറ്റില്‍ പുതിയ ലൈറ്റുകളും ഘടിപ്പിച്ചു. ഡ്രസിങ് റൂം പൂര്‍ണമായും പുതുക്കിപ്പണിതു. ഗാലറിയിലെ അറ്റകുറ്റപ്പണി നടത്തി കോര്‍പ്പറേറ്റ് ബോക്സുകളും നവീകരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് സ്പൈസ് ജെറ്റിന്റെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടീം അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ ആരാധകരെ അഭിവാദ്യംചെയ്താണ് താരങ്ങള്‍ ടീം ബസിലേക്കു തിരിച്ചത്. ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ഓസ്‌ട്രേലിയന്‍ ടീം താജ് വിവാന്തയിലുമാണ് താമസിക്കുന്നത്.
ഞായറാഴ്ച മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നുണ്ട്. എത്ര വലിയ മഴ പെയ്താലും അരമണിക്കൂറിനുള്ളില്‍ കളി നടക്കുമെന്ന പ്രത്യേകതയാണ് ഗ്രീന്‍ഫീല്‍ഡിനുള്ളത്.

40000 പേര്‍ക്ക് മത്സരം കാണാനുള്ള അവസരമുണ്ടാകും.ഏകദേശം പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. വിശാഖപട്ടണത്ത് മികച്ച മത്സരം നടന്നതിനാല്‍, കാര്യവട്ടത്ത് കൂടുതല്‍ കാണികളെത്തുമെന്നാണ് പ്രതീക്ഷ. സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും അവസാനവട്ട മിനുക്കുപണികള്‍ മാത്രമാണ് ബാക്കി.

നാലു പതിറ്റാണ്ടിനുശേഷമാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരത്തിനായി തിരുവനന്തപുരത്തെത്തുന്നത്. 2022 സെപ്റ്റംബറിലാണ് ഇതിനു മുന്‍പ് ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ ട്വന്റി20 മത്സരം നടന്നത്. അന്ന് ദക്ഷിണാഫ്രിക്കക്കെതിരേ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് അര്‍ഷ്ദീപ് സിങ് ഇത്തവണയും കളത്തിലിറങ്ങും. അന്ന് അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.ലോകകപ്പ് ഹീറോയായ ട്രാവിസ് ഹെഡ് ഉള്‍പ്പെടെ വമ്പന്‍ താരനിരയുമായാണ് ഓസ്‌ട്രേലിയ തലസ്ഥാനത്തെത്തിയത്.

 

india australia Latest News newsupdate cricket match