ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായി നടത്തിയ വെര്‍ച്ച്വല്‍ മീറ്റിംഗില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉല്‍പാദനം വിപുലീകരിക്കുന്നതില്‍ ഗൂഗിളിന്റെ പങ്കാളിത്തത്തെകുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
ഗൂഗിളിന്റെ 100 ഭാഷാ സംരംഭത്തെ പ്രധാനമന്ത്രി അംഗീകരിച്ചു. കൂടാതെ, AI ടൂളുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മികച്ച ഗവണ്‍മെന്റ് സേവനങ്ങള്‍ക്കായി AI ടൂളുകള്‍ പ്രവര്‍ത്തിക്കാനുള്ള ഗൂഗിളിന്റെ ശ്രമത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.എച്ച്പിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ക്രോംബുക്‌സ് നിര്‍മ്മിക്കാനുള്ള തീരുമാനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഗാന്ധി നഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിയെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഗൂഗിള്‍ പേയുടേയും യുപിഐയുടേയും സ്വാധീനം വര്‍ധിപ്പിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസന മേഖല മെച്ചപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ചും സുന്ദര്‍ പിച്ചെ പ്രധാനമന്ത്രിയെ അറിയിച്ചു.