തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിന്റെ തുടര്‍ യാത്രകളില്‍ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. യുദ്ധവിമാനപരിശീലകരെയും ബഹിരാകാശശാസ്ത്രജ്ഞരെയുമാണ് ബഹിരാകാശയാത്രക്കാരായി തിരഞ്ഞെടുക്കുന്നത്.
ഗഗന്‍യാന്‍ യാത്രയില്‍ വനിതാ സഞ്ചാരികളുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
''ദൗത്യത്തിനുവേണ്ടി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ലൈറ്റ് സെന്ററില്‍ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാരും ബഹിരാകാശശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന നാലുയാത്രക്കാര്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. ഇതില്‍ വനിതകളില്ല'' - എസ്. സോമനാഥ് പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ വനിതാ ബഹിരാകാശശാസ്ത്രജ്ഞര്‍ ഉണ്ടെങ്കിലും യുദ്ധവിമാനപരിശീലകരില്‍ വനിതകളില്ല. ഭാവിയില്‍ ഈ മേഖലയില്‍ വനിതകളെത്തുമ്പോള്‍ അവരെ ഗഗന്‍യാനിന്റെ ഭാഗമാക്കാനാണ് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്.
ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണപ്പറക്കലില്‍ സ്ത്രീരൂപത്തിലുള്ള റോബോട്ടായ 'വ്യോമമിത്ര'യെയാണ് അയക്കുന്നത്. മനുഷ്യയാത്രയ്ക്കു മുന്നോടിയായുള്ള പരീക്ഷണം എന്നനിലയ്ക്കാണ് വ്യോമമിത്ര ആദ്യം ബഹിരാകാശത്തേക്ക് പറക്കുക.
ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മനുഷ്യരെ അയച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം. ഇതിന്റെ ആദ്യഘട്ടങ്ങളിലൊന്നായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. ഗഗന്‍യാന്‍ ദൗത്യം അടുത്തവര്‍ഷം വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.