ഗഗന്‍യാന്‍: ആളില്ലാപേടകം അയച്ചുള്ള ആദ്യ പരീക്ഷണത്തിന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3 വിജയത്തിന് പിന്നാലെ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്റെ ഒരുക്കത്തില്‍ ഐഎസ്ആര്‍ഒ. ഇന്ത്യന്‍ മണ്ണില്‍ നിന്ന് യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ്.

author-image
Web Desk
New Update
ഗഗന്‍യാന്‍: ആളില്ലാപേടകം അയച്ചുള്ള ആദ്യ പരീക്ഷണത്തിന് ഐഎസ്ആര്‍ഒ

ബെംഗളുരു: ചന്ദ്രയാന്‍ 3 വിജയത്തിന് പിന്നാലെ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്റെ ഒരുക്കത്തില്‍ ഐഎസ്ആര്‍ഒ. ഇന്ത്യന്‍ മണ്ണില്‍ നിന്ന് യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് കടക്കുകയാണ്. ആളില്ലാ പേടകമയച്ചുള്ള പരീക്ഷണങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ആളില്ലാ പരീക്ഷണ വാഹനമായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍-1) വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആര്‍ ഒ അറിയിച്ചു.

ബഹിരാകാശ യത്രികാര്‍ക്ക് സഞ്ചരിക്കാനുള്ള ക്രൂ മോഡ്യൂള്‍ (സിഎം), അടിയന്തര സാഹചര്യങ്ങളില്‍ യാത്രികരെ രക്ഷപ്പെടുത്താനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം (സിഇഎസ്) അടങ്ങിയതാണ് ടിവി ഡി-1. സംയോജനവും പരിശോധനയും പൂര്‍ത്തിയാക്കി ടിവി-ഡി1 വിക്ഷേപണത്തിന് സജ്ജമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പരീക്ഷണവാഹനം വിക്ഷേപണത്തറയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പേടകങ്ങളുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ഭൗമാന്തരീക്ഷത്തിന് സമാനമായ ഉയര്‍ന്ന മര്‍ദമുള്ള സാഹചര്യമുള്ളതാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശയാത്രികരെ വഹിക്കുന്ന ക്രൂ മൊഡ്യൂള്‍. യാത്രികരെ വഹിച്ചുള്ള യാത്രയ്ക്കായി ഈ മൊഡ്യൂള്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് യാത്രികരെ സുരക്ഷിതമായി കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത്.

ക്രൂ മൊഡ്യൂളിന്റെ മര്‍ദമില്ലാത്ത പതിപ്പാണ് ഇപ്പോള്‍ പരീക്ഷിക്കുന്ന ടിവി-ഡി1. യഥാര്‍ഥ ക്രൂ മോഡ്യുളിന്റെ അതേ വലുപ്പവും പിണ്ഡവുമുള്ളതാണ് ഇത്. ക്രൂ മോഡ്യൂളിലെപ്പോലെ വേഗത കുറയ്ക്കുന്നതിനും തിരികെ വീണ്ടെടുക്കുന്നതിനുമായുള്ള പാരച്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.

ഗതിനിയന്ത്രണം, സീക്വന്‍സിങ്, ടെലിമെട്രി, ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ എന്നിവയ്ക്കായുള്ള ഡ്യുവല്‍ റിഡന്‍ഡന്റ് മോഡ് കോണ്‍ഫിഗറേഷനിലാണ് ക്രൂ മൊഡ്യൂളിലെ ഏവിയോണിക്‌സ് സംവിധാനങ്ങള്‍. വിവിധ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് ക്രൂ മൊഡ്യൂള്‍ സദാസമയവും ഫ്‌ളൈറ്റ് ഡേറ്റ ശേഖരിക്കും.

ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ക്രൂ മൊഡ്യൂളിനെ ബംഗാള്‍ ഉള്‍ക്കടലിലാണ് സുരക്ഷിതമായി വീഴ്ത്തുക. ഇവിടെ നിന്ന് നാവികസനയുടെ കപ്പലും ഡൈവിങ് ടീമിനെയും ഉപയോഗിച്ചാണ് വീണ്ടെടുക്കുക. ഇതിനുള്ള പരിശീലനം ഇതുമായി ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും നാവികസേനയും ചേര്‍ന്ന് നേരത്തെ നല്‍കിയിരുന്നു.

ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ടിവി ഡി-1. മറ്റു മൂന്നെണ്ണവും ഒന്നിനുപുറകെ ഒന്നായി നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. രണ്ടാം പരീക്ഷണമായ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

isro test Vehicle Abort Mission 1 gaganyaan