'പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ.. പെന്‍ഷന്‍ നല്‍കിയേ തീരൂ'; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

author-image
Priya
New Update
'പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ.. പെന്‍ഷന്‍ നല്‍കിയേ തീരൂ'; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്ന് കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെന്‍ഷന്‍ ലഭിക്കാതിരുന്നതോടെ യാചനാസമരം നടത്തി മറിയക്കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സര്‍ക്കാരിന് പെന്‍ഷന്‍ തുകയായ 1600 രൂപ വലിയ കാര്യമായിരിക്കില്ല. എഴുപത്തിയെട്ടു വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണെന്ന് കോടതി പറഞ്ഞു.

മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്. മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു.

പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സാമ്പത്തിക പ്രതിസന്ധിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിധവാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

High Court pension Mariyakutty