തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ പരാതിക്കാരന്‍ ഹരിദാസനെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കി.
സെക്രട്ടറിയേറ്റില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണത്തില്‍ ഒന്നും ഓര്‍മയില്ലെന്നാണ് ഹരിദാസന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
ഏപ്രില്‍ 10-ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീടാണ് ആളെ ഓര്‍മയില്ലെന്ന നിലപാടിലെത്തിയത്.
വിശദമായ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെത്തണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ കൂടുതല്‍ അവധി ചോദിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഹരിദാസന്‍ ചോദ്യം ചെയ്യലിന് എത്തിയത്. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ നിലപാട് മാറ്റം. സംഭവ ദിവസം നടന്ന കാര്യങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസ് ഇപ്പോള്‍ പറയുന്നത്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗത്തിന് പണം നല്‍കിയെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസിന് സംശയമുണ്ട്.ഇത് സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീസ്, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഢാലോചനയുടെ സാധ്യത പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹരിദാസന്റെ സുഹൃത്ത് ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായിട്ടില്ല.