ജറുസലം: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ഇപ്പോഴിതാ മറ്റൊരു പ്രതിസന്ധി കൂടി ഗാസയെ വലിഞ്ഞുമുറുക്കിയിരിക്കുകയാണ്.മരണവും ദുരിതവും എത്രയെന്ന് അളക്കാനാവാത്ത സ്ഥിതിയാണു ഗാസയിലുള്ളത്. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു.ഇതിനു പിന്നാലെ ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്.മാത്രമല്ല ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം പുറത്തിറങ്ങുന്നവര്‍ക്കുനേരെ വെടിവയ്പും തുടരുകയാണ്.വൈദ്യുതി നിലച്ച അല്‍ ഷിഫയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിശ്ചലമായി.തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികള്‍ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സെല്‍മിയ പറഞ്ഞു.നിലവില്‍ അല്‍ ഷിഫയില്‍ 1500 രോഗികളുണ്ട്.
1500 ആരോഗ്യപ്രവര്‍ത്തകരും. ജീവന്‍ രക്ഷിക്കാന്‍ അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും 20,000 പേര്‍ അല്‍ ഷിഫയിലുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത ദുരവസ്ഥയാണ്. സുരക്ഷാപ്രശ്‌നം മൂലം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരും ഗാസ സിറ്റി വിട്ടു.
അതെസമയം വടക്കന്‍ഗാസയിലെ അല്‍ഖുദ്‌സ് ആശുപത്രിയെയും ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്. ഇവിടെയും വെടിവയ്പുണ്ടായി. ആശുപത്രികളില്‍ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.എന്നാല്‍ ഹമാസ് ഇത് നിഷേധിക്കുന്നു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 11,070 പേര്‍ കൊല്ലപ്പെട്ടു.
2700 പേരെ കാണാതായി. ഹമാസ് കമാന്‍ഡറായ അഹ്‌മദ് സിയാമിനെ വധിക്കാനാണ് വടക്കന്‍ ഗാസയില്‍ അഭയകേന്ദ്രമാക്കിയ അല്‍ ബുറാഖ് സ്‌കൂളില്‍ കഴിഞ്ഞദിവസം ബോംബിട്ടതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.ഗാസയിലെ തെരുവുകളില്‍ ഇസ്രയേല്‍ സേനയും ഹമാസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.മാത്രമല്ല കബര്‍സ്ഥാനുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ മരിച്ചവരെ സംസ്‌കരിക്കാന്‍ ഇടമില്ലാതെ വലയുകയാണു ഗാസ നിവാസികള്‍.