ഗഗന്‍യാന്‍: ക്രൂ മൊഡ്യൂള്‍ പരീക്ഷണം റദ്ദാക്കി

ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവി-ഡി1) പരീക്ഷണ ദൗത്യം റദ്ദാക്കി. ഓട്ടമാറ്റിക് ലോഞ്ച് കണ്‍ട്രോള്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പ് ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ വിക്ഷേപണം നിര്‍ത്താനുള്ള നിര്‍ദേശം നല്‍കിയത്.

author-image
Web Desk
New Update
ഗഗന്‍യാന്‍: ക്രൂ മൊഡ്യൂള്‍ പരീക്ഷണം റദ്ദാക്കി

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവി-ഡി1) പരീക്ഷണ ദൗത്യം റദ്ദാക്കി. ഓട്ടമാറ്റിക് ലോഞ്ച് കണ്‍ട്രോള്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പ് ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ വിക്ഷേപണം നിര്‍ത്താനുള്ള നിര്‍ദേശം നല്‍കിയത്.ശനിയാഴ്ച 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രതിസന്ധികളെത്തുടര്‍ന്ന് 8.45ലേക്കു മാറ്റിയിരുന്നു.

റോക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ടതോടെയാണ് വിക്ഷേപണം റദ്ദാക്കിയത്. തകരാറിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും വിക്ഷേപണം അധികം വൈകാതെ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു.

രാവിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിള്‍) ക്രൂ മൊഡ്യൂള്‍ (സിഎം), ക്രൂ എസ്‌കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയരാനായിരുന്നു പദ്ധതി. ഇതിനായുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ചിരുന്നു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവിഡി1) ആണിത്. വിക്ഷേപണം നടത്തിയ ശേഷം, ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്ന ആദ്യത്തെ പരീക്ഷണമാണിത്. ഐഎന്‍എസ് ശക്തി, എസ്‌സിഐ സരസ്വതി കപ്പലുകള്‍, വീണ്ടെടുക്കല്‍ ദൗത്യത്തിന് സജ്ജമായി കടലില്‍ ഉണ്ടായിരുന്നു.

isro Latest News news update gaganyaan