ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്താല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. ഇത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിക്കുകയും തന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിക്കുകയും ചെയ്തു.
ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യ ക്ഷണിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ ഡല്‍ഹിയിലെത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയായിരുന്നു. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികമായ 2024 ലാണ് ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാഥിതിയായി ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയില്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുകയും പാരീസില്‍ നടന്ന ഫ്രഞ്ച് ദേശീയ ദിനഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.