ന്യൂഡല്‍ഹി: കര്‍ഷകസംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21 ന് ഖനൗരി അതിര്‍ത്തിക്ക് സമീപം പൊലീസ് നടത്തിയ കണ്ണീര്‍വാതക, റബ്ബര്‍ ബുള്ളറ്റ് പ്രയോഗത്തില്‍ മരിച്ച യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ (22) മൃതദേഹം വ്യാഴാഴ്ച ഭട്ടിന്‍ഡയിലെ ബല്ലോഹ് ഗ്രാമത്തില്‍ സംസ്‌കരിച്ചു.
ശുഭ്കരണ്‍ സിംഗിന്റെ മരണത്തില്‍ പഞ്ചാബ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തതിനെ തുടര്‍ന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വിട്ട് കൊടുത്ത് സംസ്‌കരിക്കാന്‍ അനുവദിച്ചത്.
ശുഭ്കരണിന്റെ പിതാവ് ചരണ്‍ജിത് സിംഗിന്റ പരാതിയെ തുടര്‍ന്നാണ് അജ്ഞാതരായ ഒരു സംഘത്തിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ പട്യാല രവീന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഖനൗരി അതിര്‍ത്തിയില്‍ നിന്നും വിലാപയാത്രയായി ഭട്ടിന്‍ഡയിലെ ബല്ലോഹ് ഗ്രാമത്തിലെത്തിച്ച ശേഷം സംസ്‌കരിക്കുകയായിരുന്നു.
ഒരു കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അധികാരപരിധി നോക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് സംഭവത്തില്‍ വ്യക്തത വരുമ്പോള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാം. കുറ്റകൃത്യം നടന്ന സ്ഥലം ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഗര്‍ഹി ആണെന്ന് എഫ്.ഐ.ആറില്‍ സൂചിപ്പിച്ചിട്ടുണ്ട്.