ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ശക്തമാണെന്നും പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ യാതൊരു നിയന്ത്രണവും സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇ.വി.എം. മെഷീനില്‍ ക്രമക്കേട് നടത്താനാകുമെന്ന ഇന്ത്യ മുന്നണിയുടെ ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു.
ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പല സംശയങ്ങളുണ്ടെന്നും ഇത് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇന്ത്യ മുന്നണി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 100 ശതമാനവും എണ്ണണം, വിവിപാറ്റ് സ്ലിപ് വോട്ടര്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍പാകെ വെച്ചിരുന്നു.
ശക്തമായ സുരക്ഷാ ക്രമീകരണണങ്ങളോടെയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും വോട്ടിങ് മെഷീന്റെ നിര്‍മാണവും പ്രോഗ്രാമുകളും ചെയ്യുന്നത്. മൈക്രോ കണ്‍ട്രോളര്‍ നിര്‍മാണ മേഖലയിലേക്ക് നിര്‍ദേശിക്കപ്പെട്ട എഞ്ചിനിയര്‍മാരും ഉദ്യോഗസ്ഥര്‍ക്കും കാര്‍ഡ് മുഖേന അല്ലെങ്കില്‍ ബയോമെട്രിക് സ്‌കാന്‍ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തുനിന്നുള്ള ഏജന്‍സികളോ ആഭ്യന്തര - വിദേശ കൈകടത്തലുകളോ മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാമില്‍ ഇല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
ജര്‍മന്‍ നിയമവുമായി ബന്ധപ്പെട്ട് ജര്‍മന്‍ ഭരണഘടനാ കോടതിയുടെ നിരീക്ഷണത്തിലാണ് അവരുടെ തിരഞ്ഞെടുപ്പുകളില്‍ ഇ.വി.എം വിലക്കപ്പെട്ടത്. ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശക്തവും വ്യത്യസ്തവും താരതമ്യപ്പെടുത്താനാവാത്തതുമായ സാങ്കേതികവിദ്യകളും പ്രക്രിയകളും നടപ്പിലാക്കുന്ന ഒന്നാണ്. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പലതവണ പരിശോധിക്കുകകയും ഇ.വി.എമ്മിലുള്ള വിശ്വാസമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവിഎം യന്ത്രം ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ട വോട്ടിങ് യന്ത്രവുമായി എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
മൊബൈല്‍ ഫോണോ ബ്ലൂടൂത്തോ ഉപയോഗിച്ച് ഇവിഎം മെഷീന്‍ നിയന്ത്രിക്കാനാകുമെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.ആരോപണം അടിസ്ഥാനമില്ലാത്തതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇ.വി.എം മെഷീനെ നിയന്ത്രിക്കാനാകുമെന്നത് അശാസ്ത്രീയമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യകത്മാക്കി.