കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന്‍ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ബോധിപ്പിച്ചു. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും കസ്റ്റഡി ചോദ്യംചെയ്യാന്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചോദ്യംചെയ്യലില്‍ പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.
ബാങ്കിന്റെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ് 4.25 കോടി രൂപയുടെ വായ്പ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരില്‍ തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്.
5.06 കോടി രൂപയുടെ ക്രമക്കേടുകള്‍ ജില്‍സ് വഴി നടന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. സി.കെ. ജില്‍സ് 2011 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11 വസ്തുവകകള്‍ വില്‍പ്പന നടത്തി. ഭാര്യയുടെ പേരിലുള്ള ആറു വസ്തുവകകളും ഈ കാലയളവില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.
ഒരു ദിവസം ചോദ്യം ചെയ്‌തെങ്കിലും നിക്ഷേപം സംബന്ധിച്ച പൂര്‍ണമായ വിവരങ്ങളൊന്നും അരവിന്ദാക്ഷനും ജില്‍സും വെളിപ്പെടുത്തിയിരുന്നില്ല. ബാങ്കില്‍ നടന്നത് ഒരു സംഘടിത കുറ്റകൃത്യമാണ്. രാഷ്ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കാളിത്തം ഇതിലുണ്ട്. കേസിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം ആവശ്യം വരുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
അരവിന്ദാക്ഷനെയും ജില്‍സിനെയും ഈ മാസം ഒന്‍പത് മുതല്‍ രണ്ടുദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡി അപേക്ഷ. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.