ഡെന്‍വര്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീം കോടതിയുടേതാണ് നടപടി.
2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിന് നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാണിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്ന് കോടതി ട്രംപിനെ വിലക്കിയിരിക്കുന്നത്.
കൊളറാഡോ സംസ്ഥാനത്തില്‍ മാത്രമാണ് വിലക്ക് ബാധകം. അതേസമയം, 2024 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ ട്രംപ് മുന്നിലായിരുന്നു.
അമേരിക്കന്‍ ഭരണഘടനയിലെ പതിനാലാം ഭേദഗതിയിലെ സെക്ഷന്‍ മൂന്ന് പ്രകാരം ട്രംപ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതില്‍ നിന്ന് അയോഗ്യനാണെന്ന് കണക്കാക്കുന്നുവെന്നായിരുന്നു കോടതി വിധി.
വിധി നടപ്പിലാക്കുന്നത് 2024 ജനുവരി 4 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. പിഴവുള്ളതും ജനാധിപത്യവിരുദ്ധവും എന്നായിരുന്നു കോടതിവിധി അപലപിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രതികരണം.
യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും ട്രംപ് പറഞ്ഞു.നവംബര്‍ 5നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് ശക്തികേന്ദ്രമായാണ് കൊളറാഡോ പൊതുവെ വിലയിരുത്തപ്പെടുന്നത്.