ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ മലയാളി ബിസിനസുകാരനും പൊതുപ്രവര്‍ത്തകനുമായ പി.പി. സുജാതന്റെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഡല്‍ഹി മലയാളികള്‍. വെള്ളിയാഴ്ച രാവിലെയാണ് സുജാതന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കയ്യിലും കഴുത്തിലുമുള്‍പ്പെടെ നിരവധി മുറിവുകളുണ്ടായിരുന്നു. സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് കൊലയാളികള്‍ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം കഴിച്ച ശേഷം ജയ്പുരിലേക്ക് പുറപ്പെട്ടതാണ് സുജാതന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ബസില്‍ ജയ്പുരിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങി അധിക ദൂരം പിന്നിടുന്നതിന് മുമ്പ് തന്നെ സുജാതന്‍ അക്രമികളുടെ പിടിയലായിരിക്കാം എന്നാണു പ്രാഥമിക സൂചന. വീടിനു സമീപമുള്ള തിരുപ്പതി പബ്ലിക് സ്‌കൂളിന്റെ അടുത്തുള്ള പാര്‍ക്കിലായിരുന്നു മൃതദേഹം.
വീട്ടില്‍ നിന്നിറങ്ങിയ ശേഷം മൊബൈലില്‍ വിളിച്ചിരുന്നില്ല. മൃതദേഹം കണ്ടതിനു ശേഷം സുജാതന്റെ മൊബൈലില്‍ പൊലീസ് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണ്. സുജാതന്റെ ബാഗ് സമീപത്തു നിന്നു കണ്ടെത്തി.
കവര്‍ച്ച ലക്ഷ്യമിട്ടാണെന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്.പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ ഫോട്ടോകള്‍ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
40 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതന്‍ ആദ്യം ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്.