ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത്, ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടച്ചിടുന്നത് സർക്കാർ നവംബർ 10 വരെ നീട്ടി. ഓൺലൈൻ ക്ലാസുകൾ ആവശ്യമാണെങ്കിൽ നടത്താനും സർക്കാർ അനുമതി നൽകി.
അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളുകൾ നവംബർ 5 വരെ അടച്ചിടുമെന്ന് ഡൽഹി സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.
മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുന്നതിനാൽ, ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് നവംബർ 10 വരെ അവധിയായിരിക്കും. 6-12 ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള ഓപ്ഷൻ നൽകുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പ്രസ്താവനയിൽ പറഞ്ഞു.
എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 460-ൽ തുടർച്ചയായി ആറാം ദിവസവും ഡൽഹിയിലെ വായു മലിനമായി തുടരുകയാണ്.കുട്ടികളിലും പ്രായമായവരിലും വർദ്ധിച്ചുവരുന്ന ശ്വാസകോശ, നേത്രരോഗങ്ങളെക്കുറിച്ച് ഡോക്ടർമാർക്ക് ആശങ്കയുണ്ടാകാൻ കാരണമായ വിഷ പുകമഞ്ഞ് ഞായറാഴ്ചയും ഡൽഹിയെ മൂടിയിരിക്കുകയാണ്.
ശ്വാസകോശത്തിനുള്ളിൽ കടന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന മൈക്രോസ്‌കോപ്പിക് PM2.5 കണങ്ങൾ, ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഗവൺമെന്റിന്റെ സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന്റെ 60 മൈക്രോഗ്രാം എന്നതിന്റെ ഏഴോ എട്ടോ ഇരട്ടിയായി ഉയർന്നിട്ടുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം എന്നതിനേക്കാൾ 80 മുതൽ 100 വരെ മടങ്ങ് കൂടുതലാണ്.
ഡൽഹി-എൻസിആറിലെ മലിനീകരണത്തെ ചെറുക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം, എക്യുഐ 450 കവിഞ്ഞാൽ, മലിനീകരണ ട്രക്കുകൾ, വാണിജ്യ ഫോർ വീലറുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരോധനം ,നിയന്ത്രണ നടപടികളും നടപ്പിലാക്കേണ്ടത് നിർബന്ധമാണ്.
കുറഞ്ഞ താപനില, മലിനീകരണ വ്യാപനത്തെ തടസ്സപ്പെടുത്തുന്ന കാറ്റ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വിളവെടുപ്പിന് ശേഷം വയ്ക്കോൽ കത്തിച്ചതിൽ നിന്നുണ്ടായ പുക എന്നിവ കാരണം ഡൽഹി-എൻസിആറിന്റെ വായു നിലവാരം കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞ നിലയിലാണ്.