മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലു കുട്ടികളടക്കം ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ 48 മണിക്കൂറില്‍ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. 71 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, മരുന്നുകളുടെ ദൗര്‍ലഭ്യമാണ് അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചു.മരുന്നുകളുടെ അപര്യാപ്തയോ ഡോക്ടര്‍മാരുടെ അഭാവമോ ഉണ്ടായിട്ടില്ലെന്നും ഡീന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
'സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണു സംഭവിച്ചത്. ഡോക്ടര്‍മാരുടെയോ മരുന്നുകളുടെയോ കുറവ് ഉണ്ടായിട്ടില്ല. ഓരോ മരണത്തിലും അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. നന്ദേഡിലേക്കുള്ള യാത്രയിലാണു ഞാന്‍ ' മഹാരാഷ്ട്രയിലെ മെഡിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രി ഹസന്‍ മുഷ്‌റിഫ് പറഞ്ഞു. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. 70-80 കി.മീ ചുറ്റളവിലുള്ള ഏക ആശുപത്രിയാണിതെന്നും പലപ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് ഇന്നു പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ആശുപത്രിയില്‍ സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ 1നും മരിച്ച 12 നവജാത ശിശുക്കള്‍ക്കു ഭാരക്കുറവ് ഉണ്ടായിരുന്നെന്ന് ആശുപത്രി ഡീന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.