ലണ്ടന്‍: വന്‍ തിരിച്ചുവരവ് നടത്തി ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായാണ് തിരിച്ചുവരവ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണതലത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഡേവിഡ് കാമറൂണിന്റെ നിയമനം. ജെയിംസ് ക്ലവേര്‍ളിക്ക് പകരമായാണ് ഡേവിഡ് കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്.
സുല്ല ബ്രാവര്‍മാനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് സുനക് പുറത്താക്കിയിരുന്നു. പലസ്തീന്‍ അനുകൂല പ്രകടനങ്ങളും എതിര്‍പ്രക്ഷോഭങ്ങളും രാജ്യത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചെന്നു വിമര്‍ശകര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് സുനകിന്റെ നടപടി.
ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2016-ല്‍ കാമറൂണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം എംപി സ്ഥാനവും ഒഴിഞ്ഞു. ബ്രിട്ടന്റെ ഉപരിസഭയായ ഹൗസ് ഒഫ് ലോര്‍ഡ്‌സില്‍ അദ്ദേഹത്തെ അംഗമാക്കും.
ബ്രിട്ടന്‍ അതിശക്തമായ അന്തര്‍ദേശീയ വെല്ലുവിളികള്‍ നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ സന്തോഷത്തോടെ പുതിയ സ്ഥാനം സ്വീകരിക്കുന്നതായി കാമറൂണ്‍ പ്രതികരിച്ചു. ആഭ്യന്തര സെക്രട്ടറി സ്ഥാനം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ ബ്രേവര്‍മാന്‍ പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.