കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സര്‍ക്കാര്‍ ഇന്ന് ദുരന്തത്തിലെ അന്വേഷണ പുരോഗതിയും അറിയിച്ചേക്കും.
മജിസ്റ്റീരിയല്‍ അന്വേഷണത്തെക്കുറിച്ച് ജില്ലാ കളക്റും ഉന്നതതല അന്വേഷണ പുരോഗതി ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് കോടതിയെ അറിയിക്കുക.
ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ പുരോഗതി കളമശ്ശേരി പൊലീസ് അറിയിക്കും. നാല് തലങ്ങളിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സര്‍വകലാശാല നേരത്തെ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.
സംഘാടകരായ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നാണ് സിംഗിള്‍ ബെഞ്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ആരെങ്കിലും മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജിയുള്ളത്. നവംബര്‍ 25നാണ് കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാല് പേര്‍ മരിച്ചത്.
ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതിനെ തുടര്‍ന്ന് ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.