ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരമോന്നത കോടതി തള്ളിയത്.
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിരുന്നുവെങ്കില്‍, ഇന്ത്യ, ഏഷ്യയിലെ രണ്ടാമത്തെ രാജ്യമായി മാറുമായിരുന്നു. തയ് വാനാണ് സ്വവര്‍ഗ വിവാഹം അംഗീകരിച്ചിട്ടുള്ള ഏക ഏഷ്യന്‍ രാജ്യം.
ലോകത്ത് 30 ലധികം രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും യൂറോപ്പിലേയും രാജ്യങ്ങളാണ് ഇതില്‍ കൂടുതലും.
നെതര്‍ലന്‍ഡ്സ് ആണ് സ്വവര്‍ഗവിവാഹം അംഗീകരിച്ച ആദ്യ രാജ്യം. ഇവിടെ 2000 ല്‍ നിയമം പാസാക്കുകയും 2001 ല്‍ അംഗീകാരം നല്‍കുകയും ചെയ്തു.
അന്‍ഡോറ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ക്യൂബ, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, മാള്‍ട്ട, മെക്സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, നോര്‍വെ , പോര്‍ച്ചുഗല്‍, സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തായ്വാന്‍, യുകെ, അമേരിക്ക, ഉറുഗ്വേ തുടങ്ങിയവയാണ്
സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അംഗീകാരമുള്ള രാജ്യങ്ങള്‍.
സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ആദ്യ അമേരിക്കന്‍ രാജ്യം കാനഡയാണ്, 2005 ല്‍. പാര്‍ലമെന്റില്‍ നിയമം പാസാക്കുന്നതിനു മുമ്പുതന്നെ കാനഡയിലെ ഭൂരിഭാഗം പ്രവിശ്യകളിലും സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷയുണ്ടായിരുന്നു.
സ്വവര്‍ഗവിവാഹം അംഗീകരിക്കുന്ന ഒരേയൊരു ആഫ്രിക്കന്‍ രാജ്യമാണ് സൗത്ത് ആഫ്രിക്ക. 2006 ലാണ് ഇതിന് അംഗീകാരം നല്‍കുന്നത്. 2010 ലാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീന സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നത്. എസ്റ്റോണിയയാണ് ഏറ്റവും ഒടുവില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയ രാജ്യം.