ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 പ്രൊപ്പല്‍ഷന്‍ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂര്‍ത്തിയാക്കി ഇസ്രോ.
ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇസ്രോ ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് പേടകങ്ങള്‍ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യങ്ങള്‍ക്ക് ഉപകാരപ്രതമായ വിവരം ശേഖരിക്കുന്ന എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
2023 ജൂലായ് 14 നാണ് എല്‍എംവി-എം4 റോക്കറ്റില്‍ ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആണ് പേടകം വിക്ഷേപിച്ചത്.
ലാന്‍ഡര്‍ വഹിച്ചുകൊണ്ടുള്ള പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ഓഗസ്റ്റ് 1 നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ടത്. ഓഗസ്റ്റ് 5 ഓടെയാണ് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. ഓഗസ്റ്റ് 23 ന് വിക്രം ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് ഇറങ്ങി.
ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2019ല്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ചന്ദ്രയാന്‍ 3 തികച്ചും വ്യത്യസ്തമായാണ് അവതരിപ്പിച്ചത്.
ലാന്‍ഡറിന് ചന്ദ്രനിലേക്ക് പോകണമെങ്കില്‍ പേടകത്തിന്റെ ഘടനയില്‍ ലൈറ്റ് പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ അത്യാവശ്യമാണ്. ഭൂമിയുമായി ആശയവിനിമയം നടത്താന്‍ മിഷന്‍ ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റര്‍ ആണ് ഉപയോഗിച്ചിരുന്നത്.
സ്‌പെക്ട്രോ പൊളാരിമെന്‍ട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് എന്ന ഉപകരണം മാത്രമാണ് ചന്ദ്രയാന്‍ 3 ന്റെ പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ വഹിച്ചിരുന്നത്. ഓഗസ്റ്റ് 17 നാണ് ലാന്‍ഡറില്‍ നിന്ന് പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ വേര്‍പെടുന്നത്.
ജിയോ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ നിന്ന് ചന്ദ്രനെ ചുറ്റുന്ന ലൂണാര്‍ പോളാര്‍ സര്‍ക്കുലാര്‍ ഓര്‍ബിറ്റിലേക്ക് പേടകത്തെ എത്തിക്കുന്നതിനാണ് പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ഉപയോഗിച്ചത്.