ജയ്പുര്‍: ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്. വെള്ളിയാഴ്ച പാര്‍ട്ടി യോഗത്തിനു ശേഷം ജയ്പുറില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ റായ്പുര്‍ സെഷനില്‍ രാഹുല്‍ ഗാന്ധി, ജാതി സെന്‍സസ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയും ജാതി സെന്‍സസ് നടപ്പാക്കും, ഗഹ്ലോത് പറഞ്ഞു. ജനങ്ങളുടെ പങ്കാളിത്തം ജനസംഖ്യാടിസ്ഥാനത്തില്‍ ഉറപ്പാക്കണമെന്ന ആശയത്തെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബിഹാറിന് സമാനമായി ജാതി സെന്‍സസ് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനത്തും നല്‍കും, അദ്ദേഹം പറഞ്ഞു.
സാമൂഹിക സുരക്ഷ നടപ്പാക്കണമെങ്കില്‍ ജാതി അടിസ്ഥാനത്തിലുള്ള അവസ്ഥയെ കുറിച്ച് അറിഞ്ഞേ മതിയാകൂ. വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ വിവിധ ജോലികള്‍ ചെയ്ത് രാജ്യത്ത് ജീവിക്കുന്നുണ്ട്. ഓരോ ജാതിയിലും ഉള്‍പ്പെട്ട എത്രപേര്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ മാത്രമേ അവര്‍ക്കായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കൂ എന്നും ഗഹ്ലോത് പറഞ്ഞു.
ഛത്തീസ്ഗഢില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പ്രിയങ്കാ ഗാന്ധിയും കാങ്കറില്‍, പൊതപരുപാടിക്കിടെ പ്രഖ്യാപിച്ചിരുന്നു.