ചെലവ് 150 കോടി, 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷി; കൊച്ചിയില്‍ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്

കൊച്ചിയിലെ ജൈവമാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരത്തില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

author-image
Priya
New Update
ചെലവ് 150 കോടി, 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷി; കൊച്ചിയില്‍ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്

 

കൊച്ചി: കൊച്ചിയിലെ ജൈവമാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നഗരത്തില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി അംഗീകരിച്ചത്. ദിവസവും 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണ് ബി.പി. സി. എല്‍ ഇവിടെ സ്ഥാപിക്കുന്നത്.

 

കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ ഈ പദ്ധതിക്ക് വേണ്ടി ബി.പി.സി.എല്ലിന്
കൈമാറും. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി.സി.എല്‍ ഉപയോഗിക്കും.

ഏകദേശം 150 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്. ബി.പി. സി. എല്‍ ആണ് ഇതിന് ആവശ്യമായ തുക നല്‍കുന്നത്. പ്ലാന്റ് നിര്‍മ്മാണത്തിന് ആവശ്യമായ വെള്ളവും വൈദ്യുതിയും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. 15 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാവും.

കൂടാതെ, പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് നല്‍കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ.

സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും. അതേസമയം, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ഇവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ദിവസങ്ങള്‍ക്ക് ദിവസം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കും.

കൂടാതെ സംസ്ഥാന സഹകരണ യൂണിയനിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിനും അനുവാദം നല്‍കിയിട്ടുണ്ട്.

kochi BPCL Compressed Biogas Plant