ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ബിസിനസുകാരന് നഷ്ടമായത് 2.85 കോടി

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍പെട്ട് കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടമായത് 2.85 കോടി രൂപ.

author-image
Web Desk
New Update
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ബിസിനസുകാരന് നഷ്ടമായത് 2.85 കോടി

കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍പെട്ട് കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടമായത് 2.85 കോടി രൂപ. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിലൂടെ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് നാല്‍പ്പതുകാരനെ കബളിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ കാലയളവിലാണ് ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് നല്‍കിയത്.

കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താന്‍ ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. യൂസര്‍ ഐ.ഡി. നല്‍കി ഒരു വെബ്‌സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്‍ ചെയ്യിച്ചു. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ കാണാമായിരുന്നു. സ്‌ക്രീന്‍ ഷോട്ടുകളും കൃത്യമായി അയച്ചുകൊടുത്തു.

ബിസിനസുകാരന്‍ മുപ്പതോളംതവണയാണ് വന്‍ നിക്ഷേപം നടത്തിയത്. ലാഭമുള്‍പ്പെടെ പണം പിന്‍വലിക്കണമെങ്കില്‍ ഒരുമാസം കഴിയണമെന്നും അറിയിപ്പുകിട്ടിയിരുന്നു. 2,85,82,000 രൂപ നിക്ഷേപിച്ചതം അഞ്ചുകോടിയുടെ അടുത്തെത്തിയെന്ന് കാണിച്ചപ്പോഴാണ് ബിസിനസുകാരന്‍ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നത്. അപ്പോള്‍ 20 ശതമാനം ടാക്‌സ് അടയ്ക്കണമെന്ന നിര്‍ദേശംവന്നു.

ടാക്‌സ് എണ്‍പത് ലക്ഷത്തിലധികം വരുമെന്നു കണ്ടപ്പോഴാണ് നിക്ഷേപകന് സംശയം തോന്നിയത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഇതാദ്യമായാണ് ഇത്രവലിയ തുകയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് സൈബര്‍ പൊലീസ് പറയുന്നു. സൈബര്‍ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

scam Crypto currency