ന്യൂഡല്‍ഹി: അടുത്ത കാലത്ത് യുവാക്കള്‍ പെട്ടെന്ന് മരിക്കുന്നതിനുള്ള കാരണം കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. മറിച്ച് കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരം മരണസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് ഇത്തരം മരണം വര്‍ദ്ധിക്കാന്‍ കാരണമെന്നും പഠനം വിശദീകരിക്കുന്നു.
മലയാളത്തിലെ ജനപ്രിയ ടിവി താരം ഡോ. പ്രിയ അടക്കമുള്ള യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പഠനം. എ മള്‍ട്ടിസെന്‍ട്രിക് മാച്ച്ഡ് കേസ് - കണ്‍ട്രോള്‍ സ്റ്റഡി എന്ന് തലക്കിട്ട പഠന റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിച്ചവര്‍ ഹൃദയാഘാതം ഒഴിവാക്കാന്‍ ഒരു രണ്ട് വര്‍ഷത്തെക്ക് അമിതമായുള്ള ശാരീരിക അദ്ധ്വാനം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പഠനം രാജ്യത്തെ 47 ആശുപത്രികളില്‍
രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ച് 729 കേസുകളില്‍ നടത്തിയ പഠനമാണ് ഐസിഎംആര്‍ പുറത്ത് വിട്ടത്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്നുള്ള മരണം വര്‍ദ്ധിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.
2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ് പഠനം നടന്നത്. അറിയപ്പെടാത്ത രോഗങ്ങള്‍ ഒന്നും ഇല്ലാത്തവരും പ്രത്യേകം കാരണങ്ങളൊന്നുമില്ലാതെയും മരിച്ച 18 നും 47 നും ഇടയില്‍ പ്രായമുള്ളവരെ സംബന്ധിച്ചാണ് ഐസിഎംആര്‍ പഠനം നടന്നത്.
രണ്ട് ഡോസ് കൊവിഡ് വാസ്‌ക് സീന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാദ്ധ്യത കുറയ്ക്കുകയാണ്. ഒരു ഡോസ് എടുത്തവര്‍ക്കുംക്കും മരണ സാദ്ധ്യത കുറവാണ്.
പെട്ടെന്നുള്ള മരണകാരണത്തിന് കൊവിഡും
കൊവിഡ് രോഗബാധ മൂലം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് യുവാക്കള്‍ക്കിടയിലെ മരണ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്ത് മദ്യപാനം പോലുള്ള ജീവിതശൈലികളും ഇതിന് കാരണമാണ്. മരിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള മദ്യപാനത്തോടൊപ്പം കുടുംബ പാരമ്പര്യവും ഇതിനുള്ള കാരണമാണ്. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസികാരോഗ്യത്തിനുള്ള മരുന്നിന്റെ അമിതമായ ഉപയോഗവും ഇതിന് കാരണമാകുന്നു. കൊവിഡ് രോഗം ഗുരുതരമായി സംഭവിച്ചതും മരണ കാരണമായേക്കാമെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. കൊവിഡ് ബാധയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി നോക്കാതെ കഠിനമായ വ്യായാമം നടത്തുന്നതും അപകടത്തിലേക്ക് നയിക്കും.