വാഷിങ്ടണ്‍: ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായി നാസ. സാമ്പിളുകളുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടു.
സാമ്പിളുകളുടെ പ്രാഥമിക പരിശോധനയിലാണ് കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഇത്രയധികം കാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമായാണെന്ന് ആണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയിലെ ജീവന്റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ക്കും ബെന്നുവില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ
അഡ്മിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ലഭിച്ച കാര്‍ബണ്‍ സംയുക്തങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഭൂമിയിലെ ജീവന്റെ ഉത്ഭവം,സൗരയൂഥത്തിന്റെ രൂപീകരണം തുടങ്ങിയ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചെല്ലാമുള്ള വിശദ പഠനങ്ങള്‍ക്ക് ഈ സാമ്പിളുകള്‍ ഉപയോഗിക്കും.10 ദിവസമെടുത്താണ് ശാസ്ത്രജ്ഞര്‍ പേടകം തുറന്ന് സാമ്പിളുകള്‍ സുരക്ഷിതമായി പുറത്തെടുത്തത്.
കാര്‍ബണിന്റെയും ജലത്തിന്റെയും സാന്നിധ്യം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് ഒസൈറിസ് റെക്സ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാന്റെ ലൊറെറ്റ പറഞ്ഞു. വര്‍ഷങ്ങള്‍ നീളുന്ന പഠനങ്ങളിലൂടെ ബെന്നുവിനെ കുറിച്ചുള്ള ഓരോ കണ്ടെത്തലുകളും പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ അനാവരണം ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 24 നാണ് ബെന്നുവില്‍ നിന്നും ശേഖരിച്ച മണ്ണും മറ്റുമടങ്ങുന്ന സാമ്പിളുകള്‍ ശേഖരിച്ച പേടകം ഒസൈറിസ് റെക്സ് പേടകത്തില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ വന്നിറങ്ങിയത്.
60 ഗ്രാം സാമ്പിള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സാമ്പിളുകളുമായാണ് ഭൂമിയിലെത്തിയത്.
ശാസ്ത്രജ്ഞര്‍ക്ക് പഠിക്കുന്നതിനായി സാമ്പിളിന്റെ 70 ശതമാനവും ജോണ്‍സണ്‍ സ്പേസ് സെന്ററിലാകും സൂക്ഷിക്കുക. യുഎസിന്റെ വിവിധ സ്ഥാപനങ്ങള്‍, നാസയുടെ പങ്കാളികളായ ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവിടങ്ങളിലേയും മറ്റ് വിവിധ രാജ്യങ്ങളിലേയും 200 ലേറെ ശാസ്ത്രജ്ഞര്‍ ബെന്നുവിന്റെ റീഗോലിത് സാമ്പിളുകള്‍ പഠിക്കുമെന്ന് നാസ പറഞ്ഞു.
കൂടാതെ സ്മിത്സണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍, ഹൂസ്റ്റണ്‍ സ്പേസ് സെന്റര്‍, അരിസോണ സര്‍വകലാശാല എന്നിവിടങ്ങളില്‍ സാമ്പിളുകള്‍ പ്രദര്‍ശനത്തിനായും നല്‍കും.