വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി; സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാം

അസമയത്തെ വെടിക്കെട്ട് നിരോധനം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി.സമയക്രമം എന്താണെന്ന് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

author-image
Priya
New Update
വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി; സമയക്രമം ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാം

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനം സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി.സമയക്രമം എന്താണെന്ന് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും റദ്ദാക്കി.

സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. എല്ലാ കക്ഷികളും സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികള്‍ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

ഏതെങ്കിലും ക്ഷേത്രത്തില്‍ വെടിക്കോപ്പുകള്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹര്‍ജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.

തൃശ്ശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഹര്‍ജിയിലെ ആവശ്യങ്ങളേക്കാള്‍ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കിയത്.

kerala high court firecracker