കണ്ണൂര്‍: അന്തരിച്ച, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഗാലറി വീട്ടില്‍ ഒരുക്കി ഭാര്യ വിനോദിനി.
കോടിയേരിയിലെ വീടിന്റെ മുകള്‍ നിലയിലാണ് 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' എന്ന പേരില്‍ ഗാലറി ഒരുക്കിയത്. കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 1 മുതല്‍ ഗാലറി സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും.
കോടിയേരിയുടെ ഒന്‍പതാം ക്ലാസ് ചിത്രം മുതല്‍ ചികിത്സയില്‍ കഴിയുന്ന കാലത്തെ ചിത്രങ്ങളടക്കം ഇരുനൂറോളം ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് പുറമേ കോടിയേരി ഉപയോഗിച്ച വസ്ത്രങ്ങള്‍, പോക്കറ്റ് ഡയറികള്‍, ചെരുപ്പുകള്‍, പേനകള്‍, ലഭിച്ച ഉപഹാരങ്ങള്‍, ലേഖനങ്ങളുടെ കയ്യെഴുത്തു പ്രതികള്‍, യോഗ മാറ്റ്, കോടിയേരിയുടെ പുസ്തകശേഖരം തുടങ്ങി പ്രിയ നേതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗാലറി കാണാന്‍ എത്തുന്നവര്‍ക്ക് കോടിയേരുടെ ജീവിതവീഥി സംഗ്രഹിക്കുന്ന 14 മിനുട്ട് ഡോക്യുമെന്ററി കൂടി ഇവിടെ പ്രദര്‍ശിപ്പിക്കും.
കോടിയേരിയുടെ സ്മരണകള്‍ തന്നിലെന്ന പോലെ വരും തലമുറകളിലും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാര്യ വിനോദിനി പറഞ്ഞു.
'അദ്ദേഹത്തിന്റെ മരണം ജീവിതത്തില്‍ ഒരു വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. ഈ ചിത്രങ്ങളിലൂടെയും , അദേഹത്തിന്റെ പുസ്തകശേഖരങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, അവ സംരക്ഷിക്കേണ്ടതാണെന്ന് എനിക്ക് തോന്നി'- വിനോദിനി പറയുന്നു.
പാര്‍ട്ടിയും കോടിയേരിക്കു സ്മാരകം ഒരുക്കിയിട്ടുണ്ട്. ശില്‍പി ഉണ്ണി കാനായിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്ത് പണിത കോടിയേരി സ്തൂപത്തിന്റെ അനാഛാദനം ഒക്ടോബര്‍ ഒന്നിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും. ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകസ്തൂപം.