റഫ: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനിടെ അല്‍ ജസീറയുടെ ക്യാമറാമാന്‍ സമീര്‍ അബുദാഖയെ ഇസ്രയേല്‍ സൈന്യം വധിച്ചു. ഖാന്‍ യൂനിസില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് സമീര്‍ അബുദാഖ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും.
ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നു കിടന്നു. ക്യാമറാമാന് വൈദ്യ സഹായം നല്‍കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ഒക്ടോബര്‍ 7ന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമീര്‍ അബുദാഖ.
ഹമാസ് ആണെന്ന് കരുതി മൂന്ന് ഇസ്രയേല്‍ ബന്ദികളെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പരിശോധന നടത്തിയെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഗാസയില്‍ യുദ്ധരംഗത്തുള്ള സൈനികര്‍ക്ക് നല്‍കിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ബന്ദികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങള്‍ ടെല്‍ അവീവില്‍ പ്രതിഷേധിച്ചു. ഇതിനിടെ ഗാസയിലേക്ക് കടക്കുന്ന കരേം അബു സലേം (കെരെം ശാലോം) തുറക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ യുഎന്‍ മാനുഷിക മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് സ്വാഗതം ചെയ്തു.