ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും ഇന്ത്യയിലെ എംബസി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും അഫ്ഗാനിസ്ഥാന്‍ എംബസി. ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാന്റെ പ്രതീക്ഷകള്‍ കൈവരിക്കാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരുടെ കുറവുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
'ഇന്ത്യയുമായി ദീര്‍ഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ന്യൂഡല്‍ഹിയിലെ എംബസി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് അറിയിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിയമാനുസൃതമായ സര്‍ക്കാര്‍ ഇല്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. നയതന്ത്ര പ്രതിനിധികളുടെ വീസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ നിരാശയും ദൈനംദിന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചു.' കുറിപ്പില്‍ പറയുന്നു
ഫരീദ് മമുംദ്‌സെയുടെ നേതൃത്വത്തിലാണ് ന്യൂഡല്‍ഹിയില്‍ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച മമുംദ്‌സെ, 2021ല്‍ അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷവും തുടരുകയായിരുന്നു.
നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാന്‍ തന്നെ ഏല്‍പ്പിച്ചെന്ന് അറിയിച്ച് ഇന്ത്യയിലെ അഫ്ഗാന്‍ ട്രേഡ് കൗണ്‍സിലര്‍ ഖാദിര്‍ ഷാ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് എംബസിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായത്. അഫ്ഗാനിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ രൂപവല്‍കരിക്കണമെന്നും അഫ്ഗാന്‍ ഭീകരരുടെ താവളമാകരുതെന്നുമാണ് ഇന്ത്യയുടെ നിലപാട്.