ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി തല ചര്‍ച്ചയിലാണ് തമിഴ്‌നാട് ആവശ്യം മുന്നോട്ട് വെച്ചത്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
ആവശ്യമായ സൗകര്യം കേരളം ഉറപ്പു നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശമനുസരിച്ചാണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.
സേലം സ്വദേശിയായ പെണ്‍കുട്ടി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചതും തീര്‍ത്ഥാടകര്‍ മണിക്കൂറുകള്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നതും തമിഴ്‌നാട്ടില്‍ ചര്‍ച്ച ആയിരുന്നു . ഇതേ തുടര്‍ന്നാണ് സ്റ്റാലിന്‍ ഇടപെടല്‍ നടത്തിയത്.