ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജി വകുപ്പ് നടത്തിയ സര്‍വെ റിപ്പോര്‍ട്ട് വാരാണസി ജില്ല കോടതി ജഡ്ജി മുമ്പാകെ സമര്‍പ്പിച്ചു. ആര്‍ക്കിയോളജി വിഭാഗം സ്റ്റാന്റിംഗ് കൗണ്‍സില്‍ അമിത് ശ്രീവാസ്തവയാണ് സീല്‍ ചെയ്ത റിപ്പോര്‍ട്ട് തിങ്കളാഴ്ച രാവിലെ സമര്‍പ്പിച്ചത്. പലതവണയായി കോടതിയോട് സമയം നീട്ടി ചോദിച്ച് 100 ദിവസമെടുത്താണ് ആര്‍ക്കിയോളജി സര്‍വ്വെ ഓഫ് ഇന്ത്യ സര്‍വ്വെ പൂര്‍ത്തിയാക്കിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കെയാണ് സര്‍വ്വെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. സ്വയം ഭൂവായ ശിലിംഗം ഉണ്ടായിരുന്ന ഹിന്ദുക്ഷേത്രം മുഗള്‍ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ട് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചതാണെന്നും ഇത് കണ്ടെത്താന്‍ സമ്പൂര്‍ണ്ണ സര്‍വെ നടത്തണമെന്നുമാണ് ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സര്‍വെ നടത്തരുതെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് സര്‍വെക്ക് കോടതി അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി ഉത്തരവനുസരിച്ച് നടത്തിയ വീഡിയോ സര്‍വ്വേയില്‍ മസ്ജിദ് പരിസരത്ത് കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനുള്ള കാര്‍ബണ്‍ ഡേറ്റിംഗ് നടത്താനുള്ള തീരുമാനം സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഈ കണ്ടെത്തിയത് ശിവലിംഗമല്ലെന്നും ഇത് ജലധാരയുടെ ഭാഗമാണെന്നുമായിരുന്നു മുസ്ലിം വിഭാഗത്തിന്റെ അവകാശവാദം.