കരുവന്നൂര്‍: അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി ഇഡി അരങ്ങൊരുക്കുകയാണെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഇടതുപക്ഷ വേട്ടയ്‌ക്കെതിരെയും സഹകരണ മേഖലയെ തകര്‍ക്കുന്ന ഇഡിയുടെ ശ്രമങ്ങള്‍ക്കെതിരെയും എന്ന പേരില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാല്‍നട ജാഥയുടെ സമാപനം ചേലക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീന്‍ ചോദിച്ചു.
'ഇഡി കരുവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവര്‍ത്തനം തടയാന്‍ വേണ്ടിയാണ്. നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കാതിരിക്കാന്‍ വേണ്ടി മനഃപൂര്‍വമായിരുന്നു ഇത്. സഹകരണ ബാങ്കുകള്‍ എല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങള്‍ ഇഡിക്കനുസരിച്ച് കഥകള്‍ മെനയുകയാണ്.
അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീര്‍ത്തു. ഉണ്ടെന്ന് പറയാന്‍ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിര്‍ബന്ധിച്ചു', എസി മൊയ്തീന്‍ പറഞ്ഞു.