ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയ ഭാവത്തിന് സ്വീകാര്യത വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കകയെന്നതാണ് ഗുരുദേവ ദര്‍ശന പഠനത്തിലും ഗുരുദേവനെ ആരാധിക്കുന്നതിലും ഏറിയതോതില്‍ സമൂഹം തയ്യാറാകുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരിയില്‍ 91-ാമത് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സ്വാമിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനം യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
വരുംകാലം ഗുരുദേവന്റെ സങ്കല്‍പ്പത്തിനനുസരിച്ചാകും മുന്നേറുക. ഗുരു ലോകത്തിന് പകര്‍ന്നു നല്‍കിയതിന് സമാനമായി മറ്റൊരു ദര്‍ശനവവും ഇന്നോളം മറ്റൊരു മഹാത്മാവിനും നല്‍കാനായിട്ടില്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
ദിവ്യപ്രബോധനം ധ്യാനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തര്‍ ധ്യാനത്തിലും തീര്‍ത്ഥാടനത്തിനുമായി ശിവഗിരിയില്‍ എത്തിച്ചേരുകയുണ്ടായി. മഹാതീര്‍ത്ഥാടനം അടുക്കും തോറും ഭക്തരുടെ വരവ് വര്‍ദ്ധിക്കുകയാണ്.