അയോധ്യ: അയോധ്യയെ ഉത്തർപ്രദേശിലെ ആദ്യത്തെ സോളാർ നഗരമായി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2024 ജനുവരിയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സരയൂ തീരത്ത് സോളർ പാർക്കും സൗരോർജ ത്തിൽ ഓടുന്ന ബോട്ടും സോളർ തെരുവുവിളക്കും ഉൾപ്പെടെ സ്ഥാപിച്ച് അയോധ്യയുടെ ഊർജമേഖലയെ അടിമുടി പരിഷ്കരിക്കാനുള്ള പദ്ധതിയ്ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നേൽനോട്ടം വഹിക്കുന്നു.
ക്ഷേത്ര നഗരത്തെ സംസ്ഥാനത്തെ ആദ്യത്തെ "സൗരോർജ്ജ നഗരമായി" വികസിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തതായി ഉത്തർപ്രദേശ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി ഡിപ്പാർട്ട്‌മെന്റ് (യുപിഎൻഇഡിഎ) ഉദ്യോഗസ്ഥർ പറഞ്ഞു.40 മെഗാവാട്ടിന്റെ സോളർ പ്ലാന്റാണ് സരയൂ നദിക്കരയിൽ സ്ഥാപിക്കുന്നത്.
ആകെ വൈദ്യുതി ആവശ്യത്തിന്റെ 10% പുനരുപയോഗയോഗ്യമായ ഊർജം ആശ്രയിച്ചു സാധിക്കുന്ന നഗര ത്തെയാണു സോളാർ നഗരമായി കണക്കാക്കുന്നത്.അതെസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തുടനീളമുള്ള 10,000 ത്തോളം പ്രമുഖരും ജനുവരി 22 ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാമക്ഷേത്ര നിർമ്മാണ സമിതി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.