പാര്‍ലമെന്റില്‍ പ്രതിഷേധം; 78 എം.പിമാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

പാര്‍ലമെന്റ് അതിക്രമം സംബന്ധിച്ച് തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളിലുമായി 78 എം.പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.

author-image
Web Desk
New Update
പാര്‍ലമെന്റില്‍ പ്രതിഷേധം; 78 എം.പിമാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമം സംബന്ധിച്ച് തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളിലുമായി 78 എം.പിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഇതോടെ ഈ സഭാകാലയളവില്‍ ആകെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 92 ആയി. സുരക്ഷാ വീഴ്ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭ സ്തംഭിപ്പിച്ചതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി.

കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുസ്ലിംലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരടക്കമുള്ള എം.പി മാര്‍ക്കാണ് സസ്പെന്‍ഷന്‍. ഡോ. കെ.ജയകുമാര്‍, അബ്ദുള്‍ ഖാലിഖ്, വിജയ് വസന്ത് എന്നിവരെ അവകാശ ലംഘന സമിതി റിപ്പോര്‍ട്ട് വരുന്നത് വരെയാണ് സസ്‌പെന്റ് ചെയ്തത്. ബാക്കിയുള്ളവരെ സമ്മേളന കാലാവധി വരെയാണ് സസ്പെന്റ് ചെയ്തത്.

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ജയറാം രമേഷ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡി.എം.കെ നേതാവ് കനിമൊഴി, ആര്‍.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝാ എന്നിവരും സസ്‌പെന്‍ഷനിലായവരിലുള്‍പ്പെടുന്നു.

14 പ്രതിപക്ഷ എം.പിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

parliament india national news