ന്യൂഡൽഹി: പുതുചരിത്രമാകാൻ 75-ാം റിപ്പബ്ലിക് ദിനം.ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് ഐഎഎഫ് അറിയിച്ചു.ഒപ്പം വ്യോമസേനയുടെ 51 വിമാനങ്ങളാകും ഇത്തവണ ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും.
29 യുദ്ധവിമാനങ്ങൾ, സൈനികരുടെ എട്ട് യാത്രാ വിമാനങ്ങൾ, ഒരു ഹെറിറ്റേജ് ഹെലികോപ്റ്റർ, 13 ഹെലികോപ്റ്ററുകൾ എന്നിങ്ങനെ 51 വിമാനങ്ങളാകും പങ്കെടുക്കുകയെന്ന് വ്യോമസേന വിംഗ് കമാൻഡർ മനീഷ് വ്യക്തമാക്കി.
അതെസമയം 1971-ലെ യുദ്ധകാലത്ത് പാകിസ്താനെതിരായ വിജയത്തിന് കാരണമായ ഐഎഎഫ് നയിച്ച ‘തംഗയിൽ എയർഡ്രോപ്പ്’ പുനരാവിഷ്കരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ശത്രുരാജ്യത്തേക്ക് ബറ്റാലിയനെ അയക്കുന്നത്. ഒരു ഡക്കോട്ട വിമാനവും രണ്ട് ഡോർനിയറുകളുമാകും റിപ്പബ്ലിക് ദിനത്തിൽ പറക്കുക.
ദേശീയ തലസ്ഥാനത്ത് വരാനിരിക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും.പരേഡിൽ ഇന്ത്യയുടെ മുതൽകൂട്ടായ, ആത്മനിർഭരത പ്രകടമാകുന്ന കവചിത വാഹനങ്ങളും പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച വാഹനങ്ങളുടെയും ബൃഹത്തായ പ്രദർശനവും നടത്തുമെന്ന് പ്രതിരോധ സേന വ്യക്തമാക്കി.
തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായി പ്രചണ്ഡ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ ഉൾപ്പടെയുള്ളവയാകും ഇന്ത്യൻ സൈന്യം പ്രദർശിപ്പിക്കുന്നത്.