ദേശീയ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടന ചിത്രം കാച്ചിങ് ഡസ്റ്റ്

പ്രൗഢ ഗംഭീര സദസിനെ സാക്ഷിയാക്കി 54-ാമത് ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഇന്ത്യന്‍ സിനിമയിലെ മുന്‍കാല പ്രതിഭകളും നവ സിനിമയിലെ പ്രതിഭകളും സംഗമിച്ച സദസിലാണ് ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞത്.

author-image
Web Desk
New Update
ദേശീയ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടന ചിത്രം കാച്ചിങ് ഡസ്റ്റ്

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിദേശ സിനിമകള്‍ക്ക് 40 % ഇന്‍സെന്റീവ്

പനാജി: പ്രൗഢ ഗംഭീര സദസിനെ സാക്ഷിയാക്കി 54-ാമത് ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം. ഇന്ത്യന്‍ സിനിമയിലെ മുന്‍കാല പ്രതിഭകളും നവ സിനിമയിലെ പ്രതിഭകളും സംഗമിച്ച സദസിലാണ് ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞത്. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഷാഹിദ് കപൂര്‍, മാധുരി ദീക്ഷിത്, ശ്രിയ ശരണ്‍, സണ്ണി ഡിയോള്‍, കരണ്‍ ജോഹര്‍, ശന്തനു മൊയിത്ര, ശ്രേയ ഘോഷാല്‍, സുഖ് വീന്ദര്‍ സിംഗ്, നുഷ്രത്ത് ബറൂച്ച, സാറാ അലിഖാന്‍, പങ്കജ് ത്രിപാഠി, വിജയ് സേതുപതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിദേശ ചിത്രങ്ങള്‍ക്ക് നിര്‍മ്മാണ ചെലവിന്റെ 40 ശതമാനം ഇന്‍സെന്റീവ് നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ഇന്ത്യന്‍ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ക്ക് 5 ശതമാനം അധികം ഇന്‍സെന്റീവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 54 -ാമത് ദേശീയ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ കാന്‍ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിദേശ സിനിമകള്‍ക്ക് 30 ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. 30 കോടി വരെ നിര്‍മ്മാണ ചെലവിനാണ് ഇന്‍സെന്റീവ് നല്‍കുന്നത്.

സത്യജിത്ത് റെ ആജീവനാന്ത പുരസ്‌കാരം നേടിയ ഹോളിവുഡ് താരം മൈക്കേല്‍ ഡഗ്ലസിനെയും ഉദ്ഘാടന വേദിയില്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ബോളിവുഡ് നടി മാധുരി ദീക്ഷിതിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുഗന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്.

നഗരപ്രാന്തത്തില്‍ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തില്‍ ക്രിമിനലായ ഭര്‍ത്താവിനൊപ്പം കഴിയുന്ന യുവതിയുടെയും അവിടേയ്ക്ക് അവിചാരിതമായി എത്തുന്ന ദമ്പതികളുടെയും മാനസിക സംഘര്‍ഷങ്ങളും ചടുലമായി പറയുന്ന സ്റ്റുവര്‍ട്ട് ഗാറ്റിന്റെ കാച്ചിങ് ഡസ്റ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. മേള 28 ന് അവസാനിക്കും.

film festival goa IFFI