ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് മദ്രസയും സമീപത്തെ കെട്ടിടവും പൊളിച്ച് നീക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 150 പൊലീസുകാരുള്‍പ്പെടെ 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രദേശത്ത് കേന്ദ്രസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്.
ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയിലെ മദ്രസയും സമീപത്തെ പ്രാര്‍ത്ഥന കേന്ദ്രവും വ്യാഴാഴ്ച്ച ഹല്‍ദ്വാനി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് വന്‍ സംഘര്‍ഷമുണ്ടായത്. നൂറ്കണക്കിനാളുകള്‍ പ്രദേശത്ത് സംഘടിക്കുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. പൊലീസ് സ്റ്റേഷന്‍, പൊലീസ് വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തീയിടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ ആക്രമിക്കുകയുമായിരുന്നു.
പെട്രോള്‍ ബോംബുകളും മറ്റ് ആയുധങ്ങളുമായി സംഘടിച്ചെത്തിയവര്‍ അഴിച്ചുവിട്ട വ്യാപകമായ അക്രമത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ബാക്കിയുള്ളവര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ജീവനക്കാരാണ്.
സംസ്ഥാനത്താകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. നൈനിറ്റാളിലടക്കം സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ജില്ല ഭരണകൂടം ഉത്തരവിട്ടു. കടകമ്പോളങ്ങളും അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങളെല്ലാം കര്‍ശനമായി പരിശോധിക്കുകയാണ്. സമൂഹമാധ്യങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ല ഭരണകൂടം തയ്യാറായതെന്ന് നൈനിറ്റാള്‍ ജില്ല മജിസ്‌ട്രേറ്റ് വന്ദന സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ ചുട്ടു കൊല്ലാനാണ് അക്രമികള്‍ ശ്രമിച്ചത്. ജില്ല ഭരണകൂടമോ പൊലീസോ ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകും. അവര്‍ പറഞ്ഞു. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെയും കനത്ത സംരക്ഷണയിലായിരുന്നു കയ്യേറ്റം ഒഴിപ്പിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ പറഞ്ഞു.
കെട്ടിടം പൊളിക്കല്‍ ആരംഭിച്ചതോടെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. പൊലീസ് സ്റ്റേഷനും വാഹനങള്‍ക്കും ജനക്കൂട്ടം തീയിട്ടതോടെ സംഘര്‍ഷം രൂക്ഷമായി. വ്യാഴാഴ്ച്ച വൈകുന്നേരമാണ് ബന്‍ഭൂല്‍പുര പൊലീസ് സ്റ്റേഷന് തീയിട്ടത്. തുടര്‍ന്ന് അക്രമികള്‍ക്ക് നേരെ വെടിവെക്കാന്‍ ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
സാഹചര്യം അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചീഫ് സെക്രട്ടറി രാധരതുരി, ഡി.ജി.പി അഭിനവ് കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച്ച വൈകുന്നേരം ഡെറാഡൂണില്‍ യോഗം ചേര്‍ന്നു. എല്ലാവരോടും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അക്രമികളെ കര്‍ശനമായി നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
24 മണിക്കൂറിനുള്ളില്‍ അക്രമികളെ കണ്ടെത്തി നഗരത്തില്‍ സാധാരണ നില പുന:സ്ഥാപിക്കുമെന്ന് ഡി.ജി.പി അഭിനവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്.
ഹര്‍ജി തള്ളിയ ശേഷം ഒഴിപ്പിക്കല്‍
ഹല്‍ദ്വാനിയിലെ മാലിക് കോളനിയിലെ സഫിയ മാലിക്കും കൂട്ടരും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച്ച വാദം കേട്ടിരുന്നു. ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ജസ്റ്റിസ് പങ്കജ് പുരോഹിതിന്റെ അവധിക്കാല ബെഞ്ച് വിഷയത്തില്‍ ഇളവ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. കേസ് 14 ന് വീണ്ടും പരിഗണിക്കും.
വിഷയം സുപ്രീം കോടതിയില്‍
ഹര്‍ദ്വാനിയിലെ 30 ഏക്കര്‍ വരുന്ന റെയില്‍വെ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കയ്യേറ്റക്കാരെ പുനരധിവസിക്കുന്നതിന് പദ്ധതിയില്ലെന്ന് റെയില്‍വെ മന്ത്രാലയം ചൊവ്വാഴ്ച്ച സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
റെയില്‍വെയുടെ സൗകര്യങ്ങളും സുരക്ഷയും തടസ്സപ്പെടുത്തുന്ന കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ വ്യവസ്ഥയില്ല. മാത്രമല്ല ഹര്‍ജിക്കാര്‍ ഒരിക്കലും പുനരധിവാസം ആവശ്യപ്പെട്ടിട്ടില്ല. കയ്യേറ്റ ഭൂമിയില്‍ പ്രത്യേക അവകാശം വേണമെന്നാണ് വാദം.
എന്നാല്‍ വര്‍ഷങ്ങളായി ഞങ്ങള്‍ വീട്ട് നികുതിയുള്‍പ്പെടെ അടക്കുന്നതിന് രജിസ്റ്ററില്‍ തെളിവുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം.