ചെന്നൈ: കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ പോയ സ്‌കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ പെൺകുട്ടികളെയാണ് വെല്ലൂർ കാട്പാടി റെയിൽ വേസ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കയ്യിൽ ആകെയുള്ള സമ്പാദ്യമായിരുന്ന കുടുക്കയും പൊട്ടിച്ച് കിട്ടിയ 14000 രൂപയുമായാണ് ബിടിഎസിനെ കാണാൻ ഇവർ നാടുവിട്ടത്. ഓൺലൈനിലെ വിവരങ്ങൾ വച്ചുണ്ടാക്കിയ പ്ലാനുമായി സധൈര്യം ഇറങ്ങിതിരിച്ചെങ്കിലും ശ്രമങ്ങൾ വിജയം കണ്ടില്ല.
വീട്ടിൽ നിന്നിറങ്ങി ചെന്നൈ എത്തുന്നതുവരെ കാര്യങ്ങൾ ഒരുവിധം സുഖകരമായിരുന്നു. എന്നാൽ പദ്ധതി പൊളിയുമെന്ന സ്ഥിതിയെത്തിയപ്പോൾ രണ്ടാം നാൾ തിരികെ വീട്ടിലേക്ക് കയറാൻ തീരുമാനിച്ചു. ഇതിനിടെയാണ് പോലീസ് പിടിക്കുന്നത്.ജനുവരി നാലിനാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്.ചായ കുടിക്കാൻ കാട്പാടി സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ട്രെയിൻ കടന്നുപോയി. പിന്നീട് റെയിൽവേ പൊലീസ് ഇവരുടെ പെരുമാറ്റം ചോദ്യം ചെയ്തപ്പോൾ പെൺകുട്ടികൾ സത്യം പറയുകയായിരുന്നു.
ലോകമെമ്പാടും നിരവധി ആരാധകരുള്ള കെപോപ്പ് ഗായക സംഘമാണ് ബിടിഎസ്. ഇതേ ബിടിഎസ് ബാൻഡിന്റെ കടുത്ത ആരാധകരാണ് ഈ മൂന്ന് പെൺകുട്ടികളും.അതിലൊരു പെൺകുട്ടിയുടെ 'അമ്മ ഗ്രാമത്തിലെ എൽ പി സ്കൂൾ അധ്യാപികയാണ്. മറ്റ് രണ്ടുപേരുടെ അമ്മമാർ കർഷക തൊഴിലാളികളാണ്.
അയൽക്കാരനായ ഒരു പയ്യനാണ് പെൺകുട്ടികൾക്ക് ബി ടി എസിനെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പിന്നീട് ബി ടി എസിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ പെൺകുട്ടികൾ ഗൂഗിൾ ട്രാൻസലേറ്റർ ഉപയോഗിച്ച് വരികളുടെ അർഥം മനസിലാക്കാൻ തുടങ്ങി. അങ്ങനെയാണ് മൂവരും ബിടിഎസിന്റെ കടുത്ത ആരാധകരായി മാറിയത്. ഇവർക്ക് ബി ടി എസിലെ ഓരോത്തരുടേയും പേരും, ഇഷ്ടവിനോദങ്ങളും, നിറവും ഭക്ഷണവുമുൾപ്പെടെ എല്ലാം കാണാപ്പാഠമാണ്.
കുട്ടികളെ കാണാതായ അന്നുതന്നെ കാരൂർ പോലീസ് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം വാർത്തകളും പ്രചരിപ്പിച്ചിരുന്നു. പക്ഷേ എങ്ങനെയൊക്കെയോ ചെന്നൈയിൽ എത്തുകയായിരുന്നു. രണ്ടുദിവസം നീണ്ട യാത്രയിൽ ആകെ ചെലവായത് 5941 രൂപയാണ്. ഇവരെ കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്ക് കൈമാറുമെന്നാണ് പോലീസ് അറിയിച്ചത്.