മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം; വീഴ്ച സമ്മതിച്ച് അധികൃതര്‍

മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറില്‍ 24 രോഗികള്‍ മരിച്ചത്.

author-image
Web Desk
New Update
മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം; വീഴ്ച സമ്മതിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറില്‍ 24 രോഗികള്‍ മരിച്ചത്. മരിച്ചവരില്‍ 12 നവജാതശിശുക്കളും ഉള്‍പ്പെടുന്നു.

ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചു. രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ല. മതിയായ മരുന്നും ജീവനക്കാരും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

അതിനിടെ, രോഗികളുടെ കൂട്ടമരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. മരണത്തിന് സര്‍ക്കാര്‍ ആണ് ഉത്തരവാദിയെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ കുറ്റപ്പെടുത്തി.

കാറ്റലിന്‍ കാരിക്കോക്കും ഡ്രൂ വെയ്‌സ്മാനും വൈദ്യശാസ്ത്ര നൊബേല്‍

സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലേക്ക് നയിച്ച സുപ്രധാന കണ്ടെത്തലിന് കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാന്‍ (യുഎസ്) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

മെസഞ്ചര്‍ ആര്‍എന്‍എ ബന്ധപ്പെട്ട പഠനം കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ നിര്‍ണായകമായ കണ്ടെത്തലായിരുന്നു. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവയ്‌ക്കെതിരെയുള്ള വാക്‌സിന്‍ തയ്യാറാക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായിച്ചു.

നൊബേല്‍ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പള്‍മന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

പ്രതിഷേധം, അപ്പീല്‍... ഒടുവില്‍ ജ്യോതി യാരാജിക്ക് വെള്ളി

 

ഹാങ്‌ചോ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വനിതാ 100 മീറ്റര്‍ ഹര്‍ഡിസില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി. ഇന്ത്യയുടെ ജ്യോതി യാരാജിയാണ് വെള്ളി മെഡല്‍ പൊരുതി നേടിയത്.

ചൈനീസ് താരം വു യാന്നി ഫൗള്‍ സ്റ്റാര്‍ട്ട് വരുത്തിയത് ടിവി ദൃശ്യങ്ങളിലൂടെ സ്റ്റേഡിയം മുഴുവന്‍ തെളിഞ്ഞു. എന്നാല്‍, ഒഫീഷ്യലുകള്‍ പുറത്താക്കാനൊരുങ്ങിയതോടെ ഇന്ത്യയുടെ ജ്യോതി യാരാജ പ്രതിഷേധിച്ചു. ജ്യോതിയുടെ സ്റ്റാര്‍ട്ട് ഫൗള്‍ ആയെന്നായിരുന്നു അവരുടെ ഒഫിഷ്യലുകള്‍ പറഞ്ഞത്.

ജ്യോതി ഇതിനെതിരെ പ്രതിഷേധിച്ചതോടെയാണ് ഇരുവരെയും മത്സരിക്കാന്‍ അനുവദിച്ചത്. മത്സരത്തില്‍ വു യാന്നി ഒന്നാമതെത്തിയപ്പോള്‍ മറ്റൊരു ചൈനീസ് താരം ലിന്‍ യുവെയിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജ്യോതിയുടെ ഫിനിഷ്.

അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഫീഷ്യലുകളുടെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീല്‍ സംഘാടര്‍ അംഗീകരിച്ചു. തുടര്‍ന്ന് വു യാന്നിയെ അയോഗ്യയാക്കി, ജ്യോതിയുടെ വെങ്കലം വെള്ളിയായി ഉയര്‍ത്തി.

മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ അറിയിക്കണം; ചോദ്യങ്ങള്‍ക്കൊന്നും മറുപടി കിട്ടിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങള്‍ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ടു കാര്യമില്ലെന്നും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണറെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനന്തമായി പിടിച്ചുവച്ചിരിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്ത കാര്യമാണിത്.

8 ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുണ്ട്. 3 ബില്ലുകള്‍ പാസാക്കിയിട്ട് ഒരു വര്‍ഷവും 10 മാസവുമായി. മൂന്നെണ്ണം യൂണിവേഴ്‌സിറ്റി ബില്ലാണ്. ഗവര്‍ണര്‍ സര്‍വകലാശാല ബില്ലില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ വിവിധ സര്‍വകലാശാലകളിലെ വിസി നിയമനം സ്തംഭനാവസ്ഥയിലാണ്. നിയമനടപടി സ്വീകരിക്കുന്നതിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിനിടെ, കരുവന്നൂര്‍ തട്ടിപ്പു സംബന്ധിച്ചു പരാതി കിട്ടിയാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

maharashtra news maharashtra national news health care