പെഷവാർ: പാകിസ്ഥാൻ സൈനിക താവളത്തിൽ ചാവേർ ബോംബാക്രമണം.ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.പാകിസ്ഥാൻ താലിബാനുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ താവളത്തിന് നേരെ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അക്രമികളെല്ലാം കൊല്ലപ്പെട്ടതായും സംഭവത്തിൽ അന്വോഷണം നടത്തി വരികയാണെന്നും പാക്അ അധികൃതർ അറിയിച്ചു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടിജെപി സുരക്ഷാ സേനയെ ആക്രമിക്കുന്നത്. നവംബറിൽ പഞ്ചാബിലെ മിയാൻവാലിയിൽ പാകിസ്ഥാൻ വ്യോമസേനാ താവളം ആക്രമിക്കുകയും ആക്രമണത്തിൽ നിരവധി യുദ്ധവിമാനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
നവംബർ ആദ്യം, പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ പൊലീസ് വാഹനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ ബോംബ് സ്‌ഫോടനം നടത്തുകയും 5 സാധാരണക്കാർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേ ദിവസം തന്നെ സൈനിക ഉദ്യോഗസ്ഥരുമായി പോയ രണ്ട് വാഹനങ്ങളെ ഭീകരർ ആക്രമിക്കുകയും 14 സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പഠനത്തിൽ 2023 ലെ ആദ്യ 11 മാസങ്ങളിൽ പാകിസ്ഥാനിൽ 599 തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായതായും 897 മരണങ്ങളും 1,241 പേർക്ക് പരിക്കേറ്റതായും പറയുന്നു.