ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര. 22 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. സ്ഥാനാർത്ഥികളുടെ ഓഫീസിന് സമീപമാണ് സ്ഫോടനമുണ്ടായത്.
വ്യാഴാഴ്ചയാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പിഷിൻ ജില്ലയിൽ നോക്കാന്ദി മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പിഷിൻ ജില്ലയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഓഫീസിന് സമീപമാണ് ആദ്യ പൊട്ടിത്തെറിയുണ്ടാവുന്നത്.
ഇവിടെ 12 പേർ കൊല്ലപ്പെട്ടതായാണ് സൂചന. പ്രവശ്യയിലെ വാർത്താ വിനിമയ മന്ത്രിയുടെ വാക്കുകളെ ഉദ്ദരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ സ്ഫോടനം അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ക്വില്ല സെയ്ഫുല്ലാഹ് ജില്ലയിലാണ് നടന്നത്.
ജമൈത്ത് ഉലേമ ഇസ്ലാം പാർട്ടി ഓഫീസിന് സമീപമാണ് പൊട്ടിത്തെറി. ഭീകരവാദികൾ പതിവായി ലക്ഷ്യം വയ്‌ക്കുന്ന പാർട്ടിയാണിവർ.266 സീറ്റുകളിലക്കായി 44 പാർട്ടികളിലെ സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 70 സീറ്റുകൾ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്.