തിരുവനന്തപുരം: 33 വര്‍ഷം മുന്‍പ് റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതിന് ശേഷം കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ലെങ്കിലും വധശിക്ഷ കാത്ത് കഴിയുന്നത് 21 പേര്‍.
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലമാണ് ഇതിലെ ഇരുപത്തിയൊന്നാമന്‍. പൂജപ്പുരയില്‍ 9, വിയ്യൂരില്‍ 5, കണ്ണൂരില്‍ 4, വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ 3 പേരുമാണ് കഴുമരം കാത്ത് കഴിയുന്നത്.
തടവില്‍ കഴിയുന്നവരില്‍ അന്യ സംസ്ഥാനക്കാരും മറ്റ് രാജ്യത്തെ പൗരനും ഉള്‍പ്പെടുന്നുണ്ട്. ആലപ്പുഴയില്‍ വയോധികരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗ്ലാദേശ് പൗരന്‍ ലബ്‌ലു ഹുസൈന്‍ വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
ഇയാള്‍ക്ക് പുറമെ കോട്ടയത്ത് വയോദമ്പതികളെ കൊലപ്പെടുത്തിയ അരുണ്‍ ശശി, കാമുകിയുടെ കുഞ്ഞിനേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ നിനോ മാത്യു, കസ്റ്റഡിയിലെടുത്തയാളെ ലോക്കപ്പില്‍ വെച്ച് ഉരുട്ടിക്കൊന്ന ജിതകുമാര്‍, ഗുണ്ടാ നേതാക്കളായ അജിത് കുമാര്‍, അനില്‍ കുമാര്‍, സുധീഷ്, രാജേഷ്, അനില്‍ കുമാര്‍ തുടങ്ങിയവരാണ് പൂജപ്പുരയില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മറ്റ് ചിലര്‍.
കോട്ടയത്ത് മൂന്ന് പേരെ കൊന്ന ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്ര കുമാര്‍, കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തിയ അസം സ്വദേശി പരിമള്‍ സാഹു ഉള്‍പ്പടെ നാല് പേരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം, ജോമോന്‍, രഞ്ജിത്ത്, സുനില്‍കുമാര്‍ തുടങ്ങിയവരാണ് വിയ്യൂര്‍ ജയിലിലുള്ളത്.റെജി കുമാര്‍, അബ്ദുള്‍ നാസര്‍, തോമസ് ചാക്കോ എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്.
തടവുകാരില്‍ പലരും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ മേല്‍ക്കോടതികളെ സമീപിച്ചിട്ടുണ്ട്. വധശിക്ഷ നടപ്പിലാക്കാന്‍ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളാണുള്ളത്.
വിയൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലും അതിസുരക്ഷാ ജയിലിലും കഴുമരങ്ങളില്ല. അതേസമയം, പല തടവുകാര്‍ക്കും വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട്.
ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് വധ ശിക്ഷ ജീവപര്യന്തമാക്കി. കൂടാതെ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവ് മൂലം സൗമ്യ കേസില്‍ ഗോവിന്ദച്ചാമിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. റിപ്പര്‍ ജയാനന്ദന് ഹൈക്കോടത് മരണം വരം പരോളില്ലാത്ത തടവ്ശിക്ഷയാക്കി.