ഗാസ: വിശപ്പടക്കാൻ ഒരുപിടി ഭക്ഷണത്തിനായി കാത്തിരുന്ന ഗാസയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർക്കെതിരെ വീണ്ടും ഇസ്രായേലിന്റെ ക്രൂരത. വ്യാഴാഴ്ച ഗാസ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ സഹായം കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സൈനിക ഹെലികോപ്റ്റർ രണ്ടുതവണ വ്യോമാക്രമണം നടത്തി. 21 പേരാണ് കൊല്ലപ്പെട്ടത്.
150 പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗുരുതര പരിക്കേറ്റ് അവയവങ്ങൾ നഷ്ടപ്പെട്ടവരെയും ചോരയൊലിക്കുന്നവരെയും അൽശിഫ മെഡിക്കൽ കോംപ്ലക്‌സിലെ നിലത്ത് കിടത്തിയിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആവശ്യത്തിന് മെഡിക്കൽ ജീവനക്കാരും സൗകര്യങ്ങളും ഇല്ലാത്തതിനാൽ പരിക്കേറ്റവരെ വേണ്ടവിധം ശുശ്രൂഷിക്കാനാവുന്നില്ലെന്നും ഇവർ വ്യക്തമാക്കി.സഹായ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇതേ സ്ഥലത്ത് വച്ച് മുമ്പും ഇസ്രായേൽ കൂട്ടക്കുരുതി നടത്തിയിരുന്നു.
മാർച്ച് 14: ഗസ്സ സിറ്റി കുവൈത്ത് റൗണ്ട് എബൗട്ടിൽ സഹായത്തിനായി എത്തിയവർക്ക് നേരെ ഇസ്രായേൽ സൈനിക ഹെലികോപ്റ്ററിൽനിന്ന് വെടിവെപ്പ്: 21മരണം, നൂറിലധികം പേർക്ക് പരിക്കേറ്റു
മാർച്ച് 3: ദേർ അൽ ബലാഹിൽ സഹായ വിതരണ ട്രക്കിന് നേരെ ഇസ്രായേൽ ആക്രമണം. ഒമ്പത് പേർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 29: ഗസ്സ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തിരുന്ന ആളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 112 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.
ഫെബ്രുവരി 26: ഗസ്സ സിറ്റിയിൽ ഭക്ഷ്യസഹായ ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണവും വെടിവെപ്പും.10 പേർ കൊല്ലപ്പെട്ടു.
ജനുവരി 25: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ സിറ്റിയിൽ സഹായത്തിനായി കാത്തിരുന്ന 20 പേർ കൊല്ലപ്പെട്ടു.
ഡിസംബർ 29: വടക്കൻ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം സുരക്ഷിതമെന്ന് നിശ്ചയിച്ച റൂട്ടിലൂടെ സഞ്ചരിച്ച സഹായ വിതരണ സംഘത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തു.
നവംബർ 7: റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയുടെ സഹായ വാഹനവ്യൂഹത്തിന് ഗസ്സ സിറ്റിയിൽ വെടിവെപ്പ്