ഡൽഹി: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. രാജ്യസഭാ എംപി പി ചിദംബരത്തെ ചെയർമാനായി തിരഞ്ഞെടുത്തു. സമിതിയുടെ കൺവീനർ സ്ഥാനം ഛത്തീസ്ഗഡ് മുൻ ഉപമുഖ്യമന്ത്രി ടി.എസ് സിംഗ് ദേവിനാണ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി,മുൻ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശർമ, ജയറാം രമേഷ്, ശശി തരൂർ എന്നിവർ ഉൾപ്പെടുന്ന 16 അംഗ സമിതിയാണ് വെള്ളിയാഴ്ച രൂപീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനും സ്ഥാനാർത്ഥികളുടെ പേരുകൾ വെളിപ്പെടുത്തുന്നതിനുമായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തു വരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പൂർ മുൻ ഉപമുഖ്യമന്ത്രിയുമായ ഗൈഖംഗം ഗാങ്‌മെയ്, ലോക്‌സഭയിലെ പാർട്ടിയുടെ ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
ഇമ്രാൻ പ്രതാപ്ഗർഹി, കെ രാജു, ഓംകാർ സിംഗ് മർകം, രഞ്ജീത് രഞ്ജൻ, ജിഗ്നേഷ് മേവാനി, ഗുർദീപ് സിംഗ് സപ്പാൽ എന്നിവരാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടി നിർണ്ണയിക്കുന്ന പ്രധാന പാനലിലെ മറ്റ് അംഗങ്ങൾ.
അതെസമയം 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 'ഭാരത് ജോഡോ യാത്ര'യുടെ ചുവടുപിടിച്ച് കോൺഗ്രസ് ബുധനാഴ്ച 'യുപി ജോഡോ യാത്ര' ആരംഭിച്ചിരുന്നു.ഈ യാത്രയിലൂടെ സംസ്ഥാനത്തെ ജനങ്ങളെ പാർട്ടിയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.