തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 12 മണിയോടെ പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.
അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയാണ് പൊലീസിന്റെ അന്വേഷണം.മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറിൽ വന്ന അജ്ഞാതൻ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ഒഴിഞ്ഞ നിലങ്ങളും റെയിൽവേ, ബസ് സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അന്വേഷണം അയൽജില്ലകളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.
ജനങ്ങളുടെ സഹകരണത്തോടെ ഊർജിത അന്വേഷണം നടക്കുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ആന്റണി രാജു എംഎൽഎയുടെ പ്രതികരണം. മണിക്കൂറുകൾ പിന്നിട്ടിട്ടും ആശ്വാസകരമായ വാർത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച് ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 0471- 2743195. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
വിവരമറിയിക്കേണ്ട മറ്റ് നമ്പറുകൾമറ്റ്
9497 947107
9497960113
9497 980015
9497996988